ഇംഫാൽ: മണിപ്പുരിലെ കാംജോംഗ്, ഉഖ്രുൽ ജില്ലകളിൽ കുക്കി-നാഗ വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ അഞ്ചുപേരുടെ ജീവനെടുത്തു. ശനിയാഴ്ച കാംജോംഗ്, ഉക്രുൽ ജില്ലകളിൽ നടന്ന വെടിവയ്പിലാണ് ഒരു സ്ത്രീ ഉൾപ്പടെ അഞ്ചുപേരുടെ മരണം.
നാഗവിഭാഗക്കാർക്കു മേധാവിത്വമുള്ള കാംജോംഗിലെ ചസാദിൽ 42കാരി വെടിയേറ്റു മരിച്ചതാണ് സംഘർഷത്തിന് തുടക്കമിട്ടത്. ജില്ലയിൽ ചസാദിൽ മാത്രമാണ് കുക്കികൾ കൂടുതലായുള്ളത്. അഞ്ചു കുട്ടികളുടെ അമ്മയായ ഇവരുടെ കഴുത്തിലാണ് വെടിയേറ്റത്. ഉടൻ ജീവൻ നഷ്ടമായെന്നും സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു.
ഇതിനു പിന്നാലെ ഇരുവിഭാഗങ്ങളും ഒട്ടേറെയിടങ്ങളിൽ വെടിവയ്പ് നടത്തി. ഇതേത്തുടർന്നാണ് 22 കാരനും ഉഖ്രുലിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന 40 കാരനും ഉൾപ്പെടെ വെടിയേറ്റുമരിച്ചത്. കാങ്പോക്പിയിലെ താപോൻ, മകുയി അഷാംഗ് മേഖലകളിലും വെടിവയ്പു നടന്നു. ഇതിനു പുറമേ പത്ത് വീടുകൾക്ക് അക്രമികൾ തീവയ്ക്കുകയും ചെയ്തു.
സംഘർഷബാധിത മേഖലകളിൽ അധികൃതർ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഈവർഷം ഫെബ്രുവരിയിൽ തുടങ്ങിയ കുക്കി-നാഗാ സംഘർഷത്തിൽ ഇതുവരെ 40ലധികം പേരാണ് കൊല്ലപ്പെട്ടത്.
ഒട്ടേറെ വീടുകൾക്കു തീവയ്ക്കുകയും ചെയ്തു. ഉഖ്രുൽ, കാംജോംഗ്, കാങ്പോക്പി, നോനി ജില്ലകളിലും സേനാപതി ജില്ലയിലെ ഏതാനും പ്രദേശങ്ങളിലാണു പ്രധാനമായും സംഘർഷം.